ഇവിടെ ഇനിയും ഇൻക്വിലാബുകൾ മുഴങ്ങട്ടെ...
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങൾ, ഇടയിലൂടെ കടന്നുപോകുന്ന രാജവീഥിയും, സമാന്തരമായി തീവണ്ടിപ്പാളവും... അവ ചെന്നെത്തുന്നത് ഹുസൈനിവാല എന്ന ഗ്രാമത്തിലാണ്. പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയിലാണ് അനേക യുദ്ധങ്ങളുടെ തീവ്രതയും വിഭജനത്തിന്റെ കണ്ണീരും ഏറ്റുവാങ്ങിയ ഈ ഗ്രാമം. സത് ലജ് നദി ഈ ഗ്രാമത്തിന്റെ അതിര് പങ്കിടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടചരിത്രത്തിലെ അനശ്വര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയ ലാഹോര്‍ ജയില്‍ ഇവിടെനിന്നും അധികം അകലെയല്ല. ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവർ സമാധികൊള്ളുന്ന ഗ്രാമം. ഈ ഗ്രാമത്തിലൂടെ പോകുമ്പോൾ പണ്ട് പഠിച്ച പാഠപുസ്തകങ്ങളിലെ പേരുകൾക്ക് ജീവൻ വച്ച് നമ്മളിലൊരാളായി കൂടെവരുന്നുണ്ടെന്നുതോന്നും... ഒരു നാട് തന്നെ ചരിത്രമായി മാറുന്ന അപൂർവ അനുഭവം.
ലഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടിഷ് സർക്കാർ വധശിക്ഷയ്ക്കു വിധിച്ച ഭഗത് സിങ്, സുഖ്‌ദേവ്, രാജ് ഗുരു എന്നിവരുടെ സമാധി സ്ഥലമാണു സത്‌ലജിന്റെ ഈ തീരപ്രദേശം. ബ്രിട്ടീഷ് ഗവർമെന്റ് വധശിക്ഷ നടപ്പിലാക്കിയ ശേഷം മൂന്നുപേരെയും രഹസ്യമായി സംസ്കരിച്ച സ്‌ഥലം. 'പ്രേരണ സ്ഥൽ'. ഹുസൈനിവാലയ്ക്കു കിലോമീറ്ററുകൾ അകലെ ലഹോർ ജയിലിൽ അതീവ രഹസ്യമായാണു ശിക്ഷ നടപ്പാക്കിയത്. വിവരം പുറത്തറിഞ്ഞാൽ കലാപം പൊട്ടിപ്പുറപ്പെടുമെന്നു ഭയപ്പെട്ട ബ്രിട്ടിഷ് അധികൃതർ ജയിലിന്റെ മതിൽ പൊളിച്ച് രഹസ്യമായി മൃതദേഹങ്ങൾ ഹുസൈനിവാലയിൽ നദീ തീരത്തെത്തിച്ചു സംസ്കരിച്ചു. വൈകിയാണെങ്കിലും ഇതുമനസ്സിലാക്കിയ ഗ്രാമവാസികൾ രക്തസാക്ഷികൾക്കായി സമാധി നിർമിച്ചു.
ഇന്ത്യ-പാക് വിഭജനത്തോടെ ഈ ഗ്രാമം പാകിസ്താനിലായിരുന്നു. പാകിസ്ഥാൻ സംരക്ഷിക്കാതെ അവഗണിച്ചിരുന്ന സമാധിയും, ഗ്രാമവും തൊട്ടടുത്ത പ്രദേശമായ ഫാസിൽക്കയിലെ 12 ഗ്രാമങ്ങൾ പാക്കിസ്ഥാനു കൈമാറിയാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഷ്ടി ഉയർത്തി ഇൻക്വിലാബ് വിളിക്കുന്ന ഭഗത് സിങ്, സുഖ്‌ദേവ്, രാജ് ഗുരു എന്നിവരുടെ പൂർണകായ ശില്പങ്ങൾ ഇവിടെ കാണാം. തൊട്ടടുത്തായി അണയാത്ത കെടാവിളക്കും. ഇൻക്വിലാബ് വിളിക്കാൻ ഇതിലും മികച്ച മറ്റൊരു സ്ഥലം എവിടെയാണ്... "ഇൻക്വിലാബ് സിന്ദാബാദ്..."
ഭഗത് സിങ്ങിലും രാജ്‌ഗുരുവിലും സുഖ്ദേവിലുമൊതുങ്ങുന്നില്ല ഹുസൈനിവാലയുടെ രക്തസാക്ഷി ചരിത്രം. 1965ലും, 1971ലും ഇന്ത്യ-പാക് യുദ്ധകാലത്ത് പാകിസ്ഥാൻ ഈ ഗ്രാമം അക്രമിച്ചിട്ടുണ്ടായിരുന്നു. അന്നത്തെ യുദ്ധത്തിൽ ഈ ഗ്രാമം സംരക്ഷിക്കുന്നതിനായി ഒട്ടേറെ ഇന്ത്യൻ പട്ടാളക്കാർ രക്തസാക്ഷിത്വം വരിച്ച പ്രദേശമാണിവിടം. 1971ലെ യുദ്ധത്തിൽ പട്ടാളക്കാരോടൊപ്പം ഗ്രാമവാസികളും യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തെ സഹായിച്ചിരുന്നു എന്ന് ചരിത്രം! യുദ്ധത്തിന്റെ ബാക്കിപത്രമായി തകർന്നുപോയ പഴയ ഹുസൈനിവാല റെയിൽവേസ്റ്റേഷനും, സത് ലജ് നദിക്കു കുറുകെ തകർന്നുപോയ പാലത്തിന്റെ തൂണുകളും കാണാം. 1883ൽ ലാഹോറിനെയും, ബോംബെയെയും ബന്ധിപ്പിച്ചു നിർമിച്ച റെയിൽവേ പാളവും, റെയിൽവേ സ്റ്റേഷനും പാകിസ്ഥാൻ യുദ്ധത്തിൽ തകർത്തിരുന്നു. പാകിസ്ഥാൻ പട്ടാളം സത് ലജ് നദി കടക്കുന്നത് തടയാൻ ഇവിടെ ഉണ്ടായിരുന്ന പാലം ഇന്ത്യ തകർക്കുകയായിരുന്നു. മുകളിൽ വാഹനങ്ങൾക്കുള്ള പാലവും, താഴെ തീവണ്ടിക്കുള്ള പാലവും ഉൾക്കൊള്ളുന്ന മനോഹരമായൊരു ബ്രിട്ടീഷ് നിർമിതി ആയിരുന്നു ഈ പാലം. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. ഈ പാലം തുടങ്ങുന്ന സ്ഥലം വരെ മാത്രമേ ഇന്ന് ഇന്ത്യയിൽ നിന്ന് തീവണ്ടി യാത്ര ചെയ്യുന്നുള്ളൂ.
പഴയ റെയിൽവേ സ്റ്റേഷന്റെ തകർന്നുപോയ ഭാഗം ഇപ്പോഴും ഇവിടെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നതും കാണാം.
യുദ്ധത്തിന്റെ മോശം ഓർമകൾ കൂട്ടിനുണ്ടെങ്കിലും ഹുസൈനിവാലയിൽ എല്ലാ ദിവസവും ഇന്ത്യ-പാക് സൈനികർ അണിനിരക്കുന്ന റിട്രീറ്റ് ചടങ്ങ് നടക്കുന്നുണ്ട്. വാഗാ അതിർത്തിയിൽ നടക്കുന്നതിനു സമാനമായ ചടങ്ങ് ഇവിടെയും ഉണ്ട്. വാഗയിൽ നിന്നും വ്യത്യസ്തമായി വളരെ അടുത്ത് ചടങ്ങുകൾ ഇവിടെ വീക്ഷിക്കാം. വൈകുന്നേരമാകുമ്പോഴേക്കും അന്തരീക്ഷത്തിൽ ദേശഭക്തിഗാനങ്ങൾ അലയടിക്കാൻ തുടങ്ങും. റീട്രീറ്റ് ചടങ്ങുകൾ തുടങ്ങുന്നതിന്റെ മുന്നറിയിപ്പാണത്. വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിലായി ചടങ്ങുകൾ ആരംഭിക്കും. ബോർഡർ പോസ്റ്റിലേക്കുള്ള പ്രവേശന കവാടത്തിൽ ഒരു മുസ്ലീം പീർ (വിശുദ്ധൻ), ഹുസൈനി ബാബയുടെ ദർഗ കാണാം. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിന് ഹുസൈനിവാല എന്ന പേര് വന്നതെന്ന് ചരിത്രം. BSF ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് മൈക്കിൽ ഉച്ചത്തിൽ മുഴങ്ങി, ചടങ്ങുകൾ ആരംഭിക്കാൻ പോകുന്നു. ബോർഡർ പോസ്റ്റിന്റെ വലതുവശത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള സന്ദർശകർക്കും ഇടതുഭാഗത്ത് പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള സന്ദർശകർക്കും ഇരിക്കുവാനുള്ള ഗാലറി ഒരുക്കിയിട്ടുണ്ട്. ഇരുഭാഗത്തുമുള്ള സന്ദർശക ഗാലറികൾ നിറഞ്ഞിരിക്കുന്നു. അന്തരീക്ഷത്തിൽ മുഴങ്ങുന്ന മുദ്രാവാക്യം വിളികൾ... ഓരോ ഭാരതീയനെയും കോരിത്തരിപ്പിക്കുന്ന BSF ജവാന്മാരുടെ പ്രകടനം, അതിനോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രകടനവുമായി പാകിസ്ഥാൻ അതിർത്തി സംരക്ഷണ സേനയിലെ ജവാൻമാർ. 40 മിനുറ്റോളമുള്ള ചടങ്ങുകൾക്കുശേഷം ഇരുഭാഗത്തുമുള്ള ദേശീയ പതാക താഴ്ത്തുന്നതോടുകൂടി ചടങ്ങുകൾ അവസാനിക്കുകയായി. തിരിച്ചു ഇറങ്ങുമ്പോൾ അന്യോന്യം കൈവീശി അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരും, പാകിസ്ഥാൻ പൗരന്മാരും... അവർക്കിടയിൽ അതിർത്തികൾ ഇല്ലാതായിരിക്കുന്നു.
മടക്കയാത്രയിൽ മനസ്സുനിറയെ യുദ്ധക്കെടുതികളെ കുറിച്ചുള്ള ചിന്തകളായിരുന്നു... യുദ്ധം സമാധാനത്തേക്കാളുപരി നാശനഷ്ടങ്ങളും, കെടുതികളുമാണ് ഉണ്ടാക്കുക. ഇനിയൊരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ...!
ഇൻക്വിലാബുകൾ അതിനുവേണ്ടി ആയിരിക്കട്ടെ..!
(ഇവിടെ എത്തിച്ചേരാൻ ന്യൂ ഡൽഹി - ഫിറോസ്‌പൂർ കേന്റ് തീവണ്ടി സർവിസ് ഉണ്ട്)
D Adukkadan





Comments
Post a Comment