ചൊവ്വാഴ്ച നല്ലദിവസം
ചെവ്വാഴ്ചകൾ അവൾക്ക് എന്നും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു. തൻ്റെ ജനനം ഒരു ചൊവ്വാഴ്ച ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ മുതലാണ് അവൾ ചൊവ്വാഴ്ചകളെ ശ്രദ്ധിച്ചു തുടങ്ങിയത്. അവളുടെ അതുവരെയുള്ള ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങളും ചൊവ്വാഴ്ചയുമായി ബന്ധപ്പെട്ടതായിരുന്നു. ഉന്നത പഠനത്തിന് അർഹയായതും, പരീക്ഷാ ഫലം വന്നതും, ഒരു ജോലി ലഭിച്ചതും എല്ലാം ചൊവ്വാഴ്ച്ചകളിൽ ആയിരുന്നു. ഒരു നിമിത്തം പോലെ കൂടെ ജോലിചെയ്യുന്ന അവനെ അവൾ ശ്രദ്ധിച്ചു തുടങ്ങിയതും ഒരു ചൊവ്വാഴ്ചയായിരുന്നു. വർഷങ്ങൾ പിന്നിട്ട നിശബ്ദ പ്രണയത്തിനുശേഷം അവൻ അവളോട് പ്രണയം തുറന്നു പറഞ്ഞതും ഒരു ചൊവ്വാഴ്ചയായിരുന്നു. അങ്ങനെ ചൊവ്വ എന്ന ദിവസം അവൾക്കേറ്റവും പ്രിയപ്പെട്ട ദിവസമാകുകയായിരുന്നു.
വിവാഹത്തിനായി ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് വീട്ടുകാർ അവൾക്കൊരു ജാതകം കുറിച്ചതും അതിൽ 'ചൊവ്വാദോഷമുള്ളതായി' വീട്ടുകാരും, കൂടെ നാട്ടുകാരും അറിഞ്ഞതും.
'ഒരു ചൊവ്വാദോഷക്കാരിയെ പ്രണയിച്ചു രക്തസാക്ഷിയാകാൻ ഞാനില്ല' അവൻ അവളെ മറന്നിരിക്കുന്നു!! ആ ദിവസം ഏതാണെന്ന് അവൾ ശ്രദ്ധിച്ചില്ല. പിന്നീട് ചൊവ്വാഴ്ചകളെയും...
ഒരുകാലത്തു അവളുടെ ഭാഗ്യമായിരുന്ന 'ചൊവ്വ' ഇന്നവൾക്കൊരു ഭാരമായിരിക്കുന്നു. ലോകം ചൊവ്വയിൽ കാലു കുത്തുവാൻ തയ്യാറെടുക്കുമ്പോഴും, ഇവിടെ ചൊവ്വാദോഷം അവളുടെ കാലുകൾ ബന്ധിക്കുകയ്യായിരുന്നു. തന്നെ സ്നേഹിച്ചവൻ്റെ ജീവിതത്തിൽ ചൊവ്വാഴ്ചകൾക്കും, ചൊവ്വാദോഷത്തിനും സ്ഥാനമില്ലാത്ത ഒരുവൾ ഭാര്യയായി കടന്നുവന്നത് അവൾ മാത്രം അവസാനമാണ് അറിഞ്ഞത്!!
യാദൃശ്ചികതയാണോ എന്നറിയില്ല, അവസാനം ജീവനില്ലാത്ത അവളുടെ ശരീരം മുറിയിലെ പങ്കയിൽ നിന്നും താഴെയിറക്കുമ്പോൾ ആരോ ചോദിക്കുന്നുണ്ടായിരുന്നു "ഇന്നേതാ ദിവസം?"
അതും ഒരു ചൊവ്വാഴ്ചയായിരുന്നു !!!
D Adukkadan
D Adukkadan

Comments
Post a Comment