"ഓഗാ, ഇക്കോ ഓ നി ബാജേ ഓ..!!"






“പാസഞ്ചേഴ്‌സ് ട്രാവെല്ലിങ് വിത്ത് എമിറേറ്റ്സ് എയർ ലൈൻ ടു ദുബായ്.........”
ഇത്രയും കേട്ടപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടി. ജീവിതത്തിൽ ആദ്യമായി വിമാനയാത്ര, അതും കേട്ടറിവ് മാത്രമുള്ള നൈജീരിയയിലേക്ക്, കേട്ടതത്രയും മോശം വാർത്തകളും... ഇതൊക്കെയാണെങ്കിലും ജീവിതം പച്ചപിടിപ്പിക്കാൻ രണ്ടും കല്പിച്ചു ഇറങ്ങിയതായിരുന്നു. ആദ്യത്തെ വിമാനയാത്ര ആയതിനാൽ അല്പം പേടിയും കൺഫ്യൂഷനും... കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കും അവിടെനിന്ന് ലാഗോസിലേക്കും.. സ്വന്തക്കാരെയും നാടിനെയും പിന്നിലാക്കി വിമാനം കുതിച്ചുയർന്നു. രാത്രിയായതു കാരണം താഴെ വർണശബളമായ കാഴ്ചയൊരുക്കി വൈദ്യുതി ദീപങ്ങൾ.... എല്ലാത്തിനെയും പിന്നിലാക്കി വിമാനം ദുബായിലേക്ക്...

വിമാനം ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി. ലാഗോസിലേക്കുള്ള വിമാനത്തിനായുള്ള ബോർഡിങ് ഗേറ്റ് കണ്ടുപിടിക്കണം. ട്രാൻസ്ഫർ ലെയ്‌നിലൂടെ മുന്നോട്ടുപോയി. ദുബായ് എയർപോർട്ടും, ഡ്യൂട്ടിഫ്രീയും അദ്‌ഭുതത്തോടുകൂടി മാത്രമേ അന്നും അതിനുശേഷവും കണ്ടിരുന്നുള്ളൂ. ക്രൂഡ് ഓയിൽ ഒരു രാജ്യത്തെ എത്രമാത്രം വികസിതമാക്കുമെന്നു ഞാൻ മനസ്സിൽ ചിന്തിക്കുകയായിരുന്നു അപ്പോൾ.... നീണ്ട 7 മണിക്കൂർ നേരത്തെ കാത്തിരിപ്പുണ്ട് ലാഗോസിലേക്കുള്ള വിമാനത്തിന്. ആൾക്കൂട്ടത്തിൽ തനിച്ച് ഞാനും ദുബായ് ഡ്യൂട്ടി ഫ്രീ ചുറ്റിക്കണ്ടു.

വിമാനത്തിൽ അനൗൺസ്‌മെന്റ് വന്നു, വിമാനം അല്പ സമയത്തിനകം ലാഗോസ് എയർപോർട്ടിൽ എത്തിച്ചേരും. ആകെ ഒരു വെപ്രാളം, പുതിയ നാടും, ഭാഷയും, സംസ്കാരവും. കമ്പനിയിൽ നിന്നും ഒരു സ്റ്റാഫ് സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടാകുമെന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്തു, ഇമ്മിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു പുറത്തേക്ക്. എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കുന്നു, ഇതെന്ത് നാട്, ഇതെന്ത് ആൾക്കാർ. അതുവരെയുണ്ടായിരുന്ന എല്ലാ ധൈര്യവും ചോർന്നുപോകുന്നതുപോലെ തോന്നി. പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞ ആൾ വന്നിട്ടില്ല. കണ്ണിൽ ഇരുട്ട് കയറുന്നു, ആകെയുള്ള കോൺടാക്ട് വളരെ കാലമായി ലാഗോസിലുള്ള അമ്മയുടെ നാട്ടിലെ ഒരു ബന്ധുവിൻ്റെ ഫോൺ നമ്പർ ആയിരുന്നു. അടുത്തുകണ്ട നൈജീരിയക്കാരനോട് ആവശ്യം പറഞ്ഞപ്പോൾ 500 നൈറ (നൈജീരിയൻ കറൻസി) തരണമെന്നായി അയാൾ, നൈറ ഇല്ലെങ്കിൽ ഡോളർ തന്നാലും മതിയെന്നായി അയാൾ. കയ്യിലുണ്ടായിരുന്ന 20 ഡോളർ കൊടുത്തു മധുവേട്ടനെ (നേരത്തെ പറഞ്ഞ ബന്ധു, അദ്ദേഹം മുഖേനയാണ് നൈജീരിയയിൽ ജോലി ശരിയായതും) വിളിച്ചപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ടു ആളെ അയക്കാമെന്ന് പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ നൈജീരിയയെയും, ലാഗോസിനെയും കൂടുതൽ അറിയുകയായിരുന്നു. ചില ഭാഗങ്ങൾ നമ്മുടെ നാടിനേക്കാൾ വികസിച്ചിട്ടുണ്ട്, എന്നാൽ ചില ഭാഗങ്ങൾ തീരെ വികസനം കടന്നു ചെല്ലാത്തവ. അബുജയും, കാനോയും, പോർട്ട് ഹാർകോർട്ടും, ഒനീഷയും, ഇബദാനും കൂടിച്ചേർന്ന നൈജീരിയ. എനിക്ക് അദ്‌ഭുതം തോന്നിയത് നൈജീരിയക്ക് വടക്കും, കിഴക്കും, പടിഞ്ഞാറും മാത്രമേ ഉളളൂ, തെക്ക് ഭാഗം ഇല്ല എന്ന അറിവാണ്. കാരണം ഭൂമിശാസ്ത്രപരമായി നൈജർ നദിയും, ബെന്യൂ നദിയും നൈജീരിയയെ മൂന്നായി വിഭജിക്കുന്നു. ഒരുഭാഗം വടക്കും, പിന്നെയുള്ളത് ഒന്ന് കിഴക്കും മറ്റേതു പടിഞ്ഞാറും. അഴിമതി എല്ലാ സൗകര്യങ്ങളോടും കൂടെ നടക്കുന്ന ഒരു രാജ്യം, ജനങ്ങളും, പോലീസും, പട്ടാളവും എല്ലാവിഭാഗങ്ങളിലും അഴിമതി. നൈജീരിയ ഒരു അദ്‌ഭുതമായി തോന്നിത്തുടങ്ങുകയായിരുന്നു എനിക്ക്.

നൈജീരിയയിലെ സ്ത്രീ പുരുഷ അനുപാതം തുല്യമാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. സ്ത്രീകളാണ് കുടുംബം നോക്കി നടത്തുന്നത്. അദ്ധ്വാന ശീലരായ സ്ത്രീകളെ എല്ലാ മേഖലകളിലും കാണാം. ഒട്ടുമിക്ക പുരുഷന്മാരും ജോലിയെടുക്കുന്നതും അദ്ധ്വാനിക്കുന്നതും സ്വന്തം ആവശ്യത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണെന്ന് കേട്ടിരുന്നു. മിക്കവാറും പുരുഷന്മാർ ഒന്നിൽകൂടുതൽ വിവാഹം കഴിച്ചതായിരിക്കും. എന്നെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം സുഹൃത്തായ ഒരു നൈജീരിയൻ സ്വദേശിയുടെ കല്യാണമായിരുന്നു. 4 കുട്ടികൾ ഉണ്ടായതിനു ശേഷമായിരുന്നു ആ സുഹൃത്തിനും അദ്ദേഹത്തിൻ്റെ ഭാര്യക്കും ഇനി വിവാഹം കഴിച്ചേക്കാം എന്ന തോന്നലുണ്ടായത്! ലോകത്തിൽ ഏറ്റവും കൂടുതൽ ഇരട്ട കുട്ടികൾ ജനിക്കുന്ന രാജ്യം നൈജീരിയ ആണെന്നതും ഒരു പുതുമയുള്ള അറിവായി എനിക്ക്. 250 ൽ അധികം ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുള്ള രാജ്യമാണെങ്കിലും ഇംഗ്ലീഷ് ആണ് ഔദ്യോഗിക ഭാഷ. നൈജീരിയക്കാരുടെ നീട്ടിയും കുറുക്കിയുമുള്ള ഇംഗ്ലീഷ് ആദ്യം മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇന്നിപ്പോൾ അതൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു.

നൈജര്‍ നദീതടമായ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടും പരിസര പ്രദേശങ്ങളും എണ്ണയുത്‌പാദനത്തിനു പേരുകേട്ടതാണ്‌ (പോർട്ട് ഹാർകോർട്ടിലെ എൻ്റെ വിശേഷങ്ങൾ വഴിയേ വിശദീകരിക്കാം). പ്രകൃതിവാതകം കൊണ്ട്‌ സമ്പുഷ്ടമാണ് നൈജീരിയയുടെ അടിത്തട്ട്‌. മറ്റുപല ആഫ്രിക്കന്‍ രാജ്യങ്ങളുമെന്നപോലെയോ അതിലധികമോ പ്രകൃതി വിഭവങ്ങള്‍ കൊണ്ട്‌ സമ്പന്നമാണിവിടം. വിഭവങ്ങള്‍ ഇനിയും ചൂഷണം ചെയ്യാപ്പെടാതെ നൈജീരിയന്‍ മണ്ണില്‍ ഒളിച്ചു കിടക്കുന്നു. ഒരു കാലത്ത്‌ അമേരിക്കന്‍ ഡോളറിന്റെയൊപ്പം വിലയുണ്ടായിരുന്നത്രേ നൈജീരിയന്‍ കറന്‍സിയായ 'നൈറ'യ്ക്‌. അഴിമതിനിറഞ്ഞ ഭരണ സംവിധാനങ്ങളും പ്രാദേശിക പ്രശ്നങ്ങളും, സുരക്ഷാഭീക്ഷണിയുമൊക്കെയാണ്‌ ഈ അധഃപതനത്തിനു കാരണമായിചൂണ്ടികാണിക്കപ്പെടുന്നത്‌. പെട്രോളിയം തുടങ്ങിയമേഖലകളിലൊക്കെ വിദേശ കമ്പനികളുടെ ആധിപത്യമാണ്‌. സ്വദേശി കമ്പനികളോട്‌ ഭരണകൂടത്തിനും താല്‍പര്യമില്ല. ഇവിടെ വിളയിച്ചെടുക്കുന്ന എണ്ണപ്പണം അതുകൊണ്ട്‌ തന്നെ വിദേശത്തേക്കാണ്‌ ഒഴുകുന്നത്‌, ഒപ്പം മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുടെ അക്കൗണ്ടുകളിലേക്കും. അഴിമതി അതിന്റെ മൂർത്തീ ഭാവത്തിൽ ഇവിടെ ഇപ്പോഴും നിലവിലുണ്ട്. ഇവിടെ ജീവിക്കുന്ന സ്വദേശീയരും, വിദേശീയരും ഒക്കെ നേരിട്ടും അല്ലാതെയും അഴിമതിയുടെ ഭാഗമാണ്. നൈജീരിയയില്‍ പെട്രോളിയം ഉണ്ടെന്ന കാര്യം 1950-കളില്‍ തിരിച്ചരിഞ്ഞതോടെ സാമ്പത്തികമായി ഉന്നതിയിലേക്ക് കുതിക്കാന്‍ പ്രാപ്തമാകുന്ന ഒരു ആഫ്രിക്കന്‍ രാജ്യമായി നൈജീരിയ കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഗവണ്‍മെന്റിൻ്റെ ഇടപെടലുകളും കുത്തക കോര്‍പ്പറേറ്റ് കമ്പനികളുടെ ചൂഷണവും നിരന്തരമാകുമ്പോള്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്.

ഇവിടെ വിദേശികളായ താമസക്കാർ വിനോദയാത്രയ്ക്കായി പോകുന്നത് വളരെ ചുരുക്കമാണ്. സുരക്ഷാ കാരണം തന്നെയാണ് പ്രധാനകാരണം. ഇവിടെ താമസിക്കുന്നവരുടെ ഉല്ലാസയാത്രകൾ കൂടുതലും സമീപ പ്രദേശങ്ങളിലുള്ള റിസോർട്ടുകളിലേക്കും, ബീച്ചുകളിക്കും, ഷോപ്പിംഗ് മാളുകളിലേക്കും പരിമിതപ്പെട്ടിരിക്കുന്നു. അതിൽ പ്രധാനപ്പെട്ട ബീച്ചുകളാണ് ഇലേക്കോ, എലെഗുഷി, തരക്വ മുതലായവ. അവധിദിനങ്ങളിലൊക്കെ വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കുന്ന ബീച്ചുകളാണ് ഇതൊക്കെ. ഇവകൂടാതെ റിസോർട്ടുകൾ കയ്യടക്കി വച്ചിട്ടുള്ള സ്വകാര്യ ബീച്ചുകളും ഇവിടെകാണാം. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിജ്ഞാനവും, വിനോദവും ഒരുപോലെ നൽകുന്ന ഒരു സഞ്ചാര കേന്ദ്രമാണ് 'ലാഗോസ് കോൺസെർവഷൻ സെന്റർ'. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും അടുത്തറിയാൻ ഉപകരിക്കുന്ന ഒരു കേന്ദ്രം. 75 ഏക്കറോളം വലുപ്പമുള്ള സംരക്ഷിത വനം, ലാഗോസ് നഗര മധ്യത്തിലായി നിലകൊള്ളുന്നു. മരങ്ങൾക്കിടയിലൂടെ ഉയരത്തിലായി നിർമ്മിച്ചിട്ടുള്ള നടപ്പാതയിലൂടെ ഇവിടെയുള്ള കാടും, അതിലെ ജീവജാലങ്ങളെയും തൊട്ടടുത്തുനിന്നു ദർശിക്കാൻ സാധിക്കുന്നു.         

ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ കടൽ പാലങ്ങളിൽ ഒന്ന് ലാഗോസിൽ ആണുള്ളത്.  ലാഗോസ് ഐലന്റിനെയും മെയിൻലാൻഡിനെയും തമ്മിൽ ബന്ധിക്കുന്ന പാലമാണ് 'തേർഡ് മെയിൻ ലാൻഡ് ബ്രിഡ്ജ്' 1990 ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട പാലം. 12 കിലോ മീറ്ററോളം ദൈർഘ്യം. 1996ൽ ഈജിപ്തിൽ മറ്റൊരു പാലം വരുന്നതുവരെ ആഫ്രിക്കയിലെ ഏറ്റവും വലിയ പാലവും ഇതായിരുന്നു. ഒരിക്കൽ ഈ പാലത്തിനുമുകളിൽ ഉണ്ടായൊരു വാഹന അപകടത്തിൽ നിന്നും ഞാൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. മരണത്തെ കണ്മുന്നിൽ കണ്ട നിമിഷം. എല്ലാം ഒരു ദുഃസ്വപ്നം പോലെ മാത്രമേ ഇന്ന് ഓർക്കാൻ കഴിയുന്നുളളൂ. പത്തിലധികം വാഹനങ്ങൾ അന്ന് അവിടെ അപകടത്തിൽ പെട്ടിരുന്നു. പല ദിവസങ്ങളിലും ഈ പാലത്തിനുമുകളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കുകൾ ഉണ്ടാകാറുണ്ട്.

യാത്ര പോകാന്‍ എല്ലാവർക്കും ഇഷ്ടമാണ്. ഒരു യാത്ര പോകാന്‍ സ്ഥലം അന്വേഷിക്കുമ്പോള്‍ ആ സ്ഥലവുമായി  ബന്ധപ്പെട്ട എല്ലാം തന്നെ നാം പരിഗണിക്കാറുമുണ്ട്. സാഹസികത മാത്രം കണക്കിലെടുത്ത് ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചാല്‍ ചിലപ്പോള്‍ മരണത്തിന്റെ വായിലേയ്ക്ക് ആവും നിങ്ങള്‍ നടന്നു കയറുക. പ്രകൃതി  സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് നൈജീരിയയും മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങളും. ഇവിടങ്ങളിലുള്ള  വനപ്രദേശങ്ങളും,  വെള്ളച്ചാട്ടങ്ങളും,  വന്യജീവി സമ്പത്തുകളും  സാഹസിക വിനോദസഞ്ചാരികൾ എന്നും ഇഷ്ടപ്പെടുന്നവയാണ്. ലാഗോസിലുള്ള എൻ്റെ ചില സുഹൃത്തുക്കളുടെ കൂടെ അങ്ങനെയൊരു യാത്രയിൽ  പങ്കെടുക്കാൻ  കഴിഞ്ഞിരുന്നു. 'എകിറ്റി ' സംസ്ഥാനത്തുള്ള  'ഇക്കോഗോസി ' ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലാഗോസിൽ നിന്നും നിന്നും റോഡ് മാർഗം 6  മണിക്കൂറോളം  നീണ്ട  യാത്ര. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കാഴ്ചയ്ക്ക് വസന്തമൊരുക്കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും നല്‍കുന്നു. കുന്നിന്‍പുറങ്ങളും പര്‍വ്വതപ്രദേശങ്ങളും നിറഞ്ഞതാണ് കാഴ്ചകൾ . ചോളവും, മരച്ചീനിയും, കൈതച്ചക്കയും, വാഴയും  കൃഷി ചെയ്യുന്ന ഗ്രാമ പ്രദേശങ്ങൾ, തകര ഷീറ്റുകൾ മേഞ്ഞിരിക്കുന്ന മൺകുടിലുകൾ ആഫ്രിക്കൻ ഗ്രാമങ്ങളുടെ നിഷ്കളങ്കത എവിടെയും കാണാം. ഇക്കോഗോസിയിൽ ഉള്ള ഒരു റിസോർട്ടിൽ ആയിരുന്നു ഞങ്ങൾക്കുള്ള താമസസൗകര്യം ഏർപ്പെടിത്തിയിരുന്നത്. ഇവിടെ വനാന്തർഭാഗത്തുള്ള വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കണം അതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.

ഇക്കോഗോസി അവിടെയുള്ള നീരുറവകളാലും, വെള്ളച്ചാട്ടങ്ങളാലും സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇവിടുത്തെ നീരുറവയുടെ പ്രത്യേകത ആരിലും അദ്‌ഭുതമുളവാക്കുന്നതാണ്. ഒരേസ്ഥലത്തുള്ള രണ്ടു നീരുറവകൾ, ഒന്ന്  70oC ചൂട് നീരുറവയും മറ്റൊന്ന് വളരെ തണുപ്പുള്ള  നീരുറവയും. ഉദ്ഭവസ്ഥാനത്തു നിന്നും അല്പം താഴെയായി രണ്ടുനീരുറവകളും സംഗമിക്കുന്നു. അപ്പോഴും   വെള്ളത്തിൻറെ ചൂട്  37oC ആയി നിലനിൽക്കുന്നു. ഈ പ്രതിഭാസത്തിനുപിന്നിൽ രസകരമായ ഒരു കഥ അവിടെയുണ്ടായിരുന്ന ഗൈഡ് ഇങ്ങനെ വിശദീകരിച്ചു.

"വളരെ പ്രശസ്തനായ ഒരു വേട്ടക്കാരനും അദ്ദേഹത്തിൻ്റെ രണ്ടു പത്നിമാരും ആ പ്രദേശത്തു ജീവിച്ചിരുന്നു. ഭാര്യമാരിൽ ഒരാൾ ശാന്ത സ്വഭാവക്കാരിയും, രണ്ടാമത്തെയാൾ അകാരണമായി  ദേഷ്യപ്പെടുന്ന സ്വഭാവത്തിനും ഉടമയായിരുന്നു. ഒരു ദിവസം ഭാര്യമാർ തമ്മിൽ  ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടാകുകയും വഴക്കിടുകയും ചെയ്തു. ഇതറിഞ്ഞ വേട്ടക്കാരൻ രണ്ടു ഭാര്യമാരെയും വളരെയധികം ശാസിച്ചു. മനംനൊന്ത ഭാര്യമാരിൽ ഒരാൾ ചൂട് നീരുറവയായും മറ്റൊരാൾ തണുത്ത നീരുറവുവയായും രൂപം മാറി. ഇതാണ്  നീരുറവകൾക്കു പിന്നിലെ ഐതീഹ്യം."

നീരുറവകൾക്ക് പിന്നിലെ കഥ സത്യമായാലും അല്ലെങ്കിലും നീരുറവകളും, അവിടെയുള്ള  പ്രകൃതിഭംഗിയും ഒരു അദ്‌ഭുതം തന്നെയാണ്.

അടുത്തുതന്നെ വനത്തിനകത്തായി ചെറുതെങ്കിലും മനോഹരമായ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നു. സാഹസികപ്രിയരായ സഞ്ചാരികൾക്ക് വളരെയധികം ആസ്വദിക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ, ആഫ്രിക്കൻ വനത്തിന്റെ വന്യ സൗന്ദര്യം. അല്പം ദൂരെയായി 'എറിൻ -ഇജേഷ' വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. വനത്തിനകത്തു  ഏഴ് തട്ടുകളായി നില കൊള്ളുന്ന വെള്ളച്ചാട്ടം. വളരെയധികം സാഹസികത  നിറഞ്ഞ യാത്രയാണ് അവിടെക്കുള്ളത്. ഒന്നാമത്തെ വെള്ളച്ചാട്ടം വരെ പടവുകൾ നിർമ്മിച്ചിട്ടുള്ളതുകാരണം സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാം. പിന്നീട് അങ്ങോട്ട് ചെങ്കുത്തായ കയറ്റങ്ങളും, പാറക്കെട്ടുകളും ആണ്. നൈജീരിയയിൽ ആയതുകൊണ്ടും , അധികം സാഹസികത ഇഷ്ടമല്ലാത്തതും കാരണം ഞങ്ങൾ ഒന്നാമത്തേതും , രണ്ടാമത്തേതുമായ വെള്ളച്ചാട്ടങ്ങൾ കണ്ടുതൃപ്തിയാകുകയായിരുന്നു.

ജോലി മാറ്റവുമായി ബന്ധപ്പെട്ട് നൈജീരിയയിലെ തന്നെ 'റിവേർസ്' സംസ്ഥാനത്തുള്ള പോർട്ട് ഹാർകോർട്ടിൽ താമസിക്കേണ്ടി വന്നിരുന്നു.  പോർട്ട് ഹാർകോർട് എയർ പോർട്ടിൽ നിന്നും പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ആയിരുന്നു കമ്പനി സ്ഥിതി ചെയ്യുന്ന എലെമെ വില്ലേജിലേക്കുള്ള യാത്ര. ലാഗോസിലായിരിക്കുമ്പോൾ ഇങ്ങനെയുളള യാത്രകൾ കണ്ടിട്ടുണ്ടെങ്കിലും അതുപോലെ യാത്ര ചെയ്യേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. റോഡിലുള്ള തടസ്സങ്ങളും, ഗതാഗതകുരുക്കും വകഞ്ഞുമാറ്റികൊണ്ടുള്ള യാത്രകളായിരുന്നു കമ്പനിയിൽ നിന്നും എയർ പോർട്ടിലേക്കും, എയർ പോർട്ടിൽ നിന്നും കമ്പനിയിലേക്കും. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ നടുവിലായിരുന്നു ഞങ്ങളുടെ താമസ സ്ഥലവും, പെട്രോകെമിക്കൽ പ്ലാന്റും. 2007 മെയ് 19 ന് ഇന്ത്യക്കാരായ ഇവിടുത്തെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതുമുതൽ ഇവിടം കനത്ത സുരക്ഷാ സംവിധാങ്ങൾക്ക് നടുവിലാണ്. അത്യാവശ്യമുള്ള എല്ലാ സൗകര്യങ്ങളും പ്ലാന്റിനകത്തു തന്നെ ഉണ്ട്. ചെറിയൊരു സൂപ്പർമാർകെറ്റ്, അമ്പലം, മോസ്ക്, ചർച്, ആശുപത്രി, സ്പോർട്സ് കോംപ്ലക്സ്, സിനിമാ പ്രദർശനം, പാർട്ടി ക്ലബ് എന്നിങ്ങനെ. ചുരുക്കി പറഞ്ഞാൽ 'ഫൈവ് സ്റ്റാർ' ജയിൽ. അകത്തുപോയാൽ പിന്നീട് കാലാവധി പൂർത്തിയായാൽ മാത്രമേ പുറം ലോകം കാണാൻ പറ്റുകയുള്ളു.

“വോ ലോഗ് ഹമേം പൂരാ ജംഗൽ മേ ഗുമായാ ഥാ, ഖാനെ കേലിയ ബ്രഡ് ഔർ പാനി ദേതേ ഥേ...” ശ്വാസം അടക്കിപ്പിടിച്ചാണ് വിജയ് ജി പറഞ്ഞ അനുഭവങ്ങൾ മുഴുവനും കേട്ടത്. 2007 ൽ ഇവിടെനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. 

1000 ത്തോളം ഹെക്‍ടര്‍ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്നതാണ് ഈ പെട്രോകെമിക്കല്‍ ശാല. പെട്രോളിയം വാതകം സംസ്കരിച്ച് എതിലിന്‍, പോളിയെത്തിലിന്‍ തുടങ്ങി നിരവധി വ്യാവസായിക ഉത്‌പന്നങ്ങളും ഉണ്ടാക്കുന്നു ഇവിടെ. അടുത്ത കാലത്തായി ഇവിടെനിന്നും രാസവളങ്ങളും ഉദ്പാദിപ്പിക്കുന്നുണ്ട്.

“ദിലീപിന് അറിയാമോ, ഇവിടെ ഗ്യാസ് സപ്ലൈ വരുന്നതേ 80 കിലോമീറ്റർ ദൂരെയുള്ള 'അജിപ്' പ്ലാന്റിൽ നിന്നാണ്” പട്ടാമ്പിക്കാരനായ മുരളി ഭായി ഏറനാടൻ ശൈലിയിൽ. 

“ഫെർട്ടിലൈസർ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈനിന്റെ വർക്കിൽ എന്നും ബഹളമാ, ഇത് പെട്ടെന്ന് അങ്ങട് തീരുംന്ന് തോന്നണില്ല.” മുരളിഭായി തുടർന്നു.  എലെമെ ഗ്രാമത്തിലുള്ള ചിലർ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി പുതിയതായി തുടങ്ങുന്ന രാസവള ശാലയിലേക്കുള്ള പെട്രോളിയം വാതക പൈപ്പ്  ലൈൻ സ്ഥാപിക്കുന്നതിനെ തടസ്സപ്പെടുത്തികൊണ്ടേയിരുന്നു.  എണ്ണക്കുഴലുകളില്‍ വിള്ളലുണ്ടാക്കി ക്രൂഡോയില്‍ ശേഖരിച്ചു കടത്തലാണ് ഇവിടെയുള്ള ക്രിമിനലുകളുടെ പ്രധാനവരുമാനം.

“ദീസ് ക്രിമിനൽസ് ഹാവ് ദേർ ഓൺ ലോക്കൽ റിഫൈനറീസ്” സുഹൃത്തായ ലോജിസ്റ്റിക് സൂപ്പർവൈസർ നൈജീരിയ സ്വദേശി ഇന്നസെൻറ്. നമ്മുടെ നാട്ടിലൊക്കെയുള്ള വ്യാജ ചാരായ നിർമാണം പോലെ ഇവിടെ വ്യാജമായി ഡീസലും മണ്ണെണ്ണയുമൊക്കെ ഉണ്ടാക്കുന്നുണ്ട്.

സുരക്ഷാ കാരണങ്ങളാൽ ഇവിടെയുള്ള എല്ലാ പെട്രോളിയം കമ്പനികളും കനത്ത സുരക്ഷാ സവിധാനങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒട്ടുമിക്ക കമ്പനികളുടെയും സെക്യൂരിറ്റി ചുമതലകൾ പ്രൈവറ്റ്‌ സുരക്ഷാ ഏജൻസികൾക്കോ, പട്ടാളക്കാർക്കോ നൽകുകയാണ്‌ പതിവ്‌, മേൽനോട്ടം വഹിക്കാൻ അതാത്‌ കമ്പനികൾക്ക്‌ പ്രത്യേക സുരക്ഷാ വിഭാഗം തന്നെയുണ്ടാവും. ഇവിടെ ഞങ്ങളുടെ താമസസ്ഥലത്തു നിന്ന് നോക്കുമ്പോൾ ഞങ്ങളുടെ പ്ലാന്റിൽ നിന്നും, ദൂരെയുള്ള പെട്രോളിയം റിഫൈനറികളുടെ പുകക്കുഴലിൽ നിന്നും  തീയും പുകയുമൊക്കെ ഉയരുന്നത് കാണാം. ശുദ്ധീകരണ പ്രക്രിയക്കിടയിൽ ദിവസവും ലിറ്റർ കണക്കിനാണ് എണ്ണ കത്തിച്ചു കളയുന്നത്.

മൂന്നു നാല് മാസം കൂടുമ്പോൾ പട്ടാളക്കാരുടെ അകമ്പടിയോടെ ‘മാർക്കറ്റ് ട്രിപ്പ്’ പോകുന്നതാണ് പുറം ലോകം കാണാൻ കിട്ടുന്ന ഒരേ ഒരു അവസരം. എന്നും ഒരേ ആൾകാർ, നിശ്ചിത മെനു പ്രകാരമുള്ള ഭക്ഷണം, പതിയെ അവിടുത്തെ ചുറ്റുപാടുകൾ മടുത്തു തുടങ്ങിയിരുന്നു. ആകെ ആശ്വാസമായിരുന്നത് വൈകുന്നേരങ്ങളിലുള്ള വോളിബോൾ, ടെന്നീസ്, ഫുട്ബോൾ കളികളും വാരാന്ത്യങ്ങളിലുള്ള ക്രിക്കറ്റ് കളികളുമായിരുന്നു.

'ഹർമാട്ടൻ' എന്ന കാലാവസ്ഥ പ്രതിഭാസം (https://en.wikipedia.org/wiki/Harmattan) അനുഭവിച്ചറിയാൻ ഇവിടുത്തെ താമസം കാരണമായി. നവംബർ അവസാന വാരത്തോടെ ഇവിടുത്തെ അന്തരീക്ഷം പതിയെ പതിയെ പൊടിപടലങ്ങൾ നിറഞ്ഞതായി തുടങ്ങും. സഹാറ മരുഭൂപ്രദേശത്ത് നിന്ന് ഗിനിയൻ ഉൾക്കടലിലേക്ക് വീശുന്ന വടക്ക് കിഴക്കൻ 'ട്രെഡ് വിൻഡ്' ആണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന പൊടിപടലം ദൂരകാഴ്ച്ചകളെ മറയ്ക്കുമായിരുന്നു. ആരോഗ്യപരമായ പല പ്രശ്നങ്ങളും പലർക്കും ഈസമയങ്ങളിൽ ഉണ്ടാകാറുണ്ട്. 'എബോള' എന്ന മാരക രോഗം ഇവിടുത്തെ അന്തേവാസികളിൽ ചെറുതല്ലാത്ത ഭീതിയും ഉണ്ടാക്കിയിരുന്നു.

1960ല്‍ നൈജീരിയ സ്വതന്ത്രമായെങ്കിലും നാളിതുവരെയുള്ള ഭരണകൂടങ്ങളുടെ പരാജയവും സാമ്പത്തിക ഞെരുക്കവും അഴിമതിയും വളര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹിക അസമത്വവും നൈജീരിയന്‍ ജനതയെ ദരിദ്രരാക്കിത്തീര്‍ക്കുകയായിരുന്നു. 2015ൽ വളരെ പ്രതീക്ഷയോടുകൂടിയാണ് പുതിയ സർക്കാരിനെയും പ്രസിഡന്റിനേയും നൈജീരിയക്കാർ എതിരേറ്റത്. കൊടികുത്തി വാഴുന്ന അഴിമതി ഇല്ലാതാക്കുക എന്നതായിരുന്നു പുതിയ ഗവണ്മെന്റിന്റെ മുന്നിലുള്ള വെല്ലുവിളിയും ഉത്തരവാദിത്തവും. ചെറിയ ചില മാറ്റങ്ങൾ വന്നതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യം 2010 മുതൽ നേരിടുന്ന മറ്റൊരു വെല്ലുവിളിയായ 'ബോക്കോ ഹറാം' തീവ്രവാദികളെ അൽപമെങ്കിലും നിയന്ത്രിക്കാൻ നിലവിലെ പ്രസിഡൻറ് മുഹമ്മദ് ബുഹാരിക്കും സംഘത്തിനും കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ്. അപ്പോഴും 'ബോക്കോ ഹറാം' തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ‘ചിബോക്’ പെൺകുട്ടികളിൽ ഭൂരിഭാഗവും എവിടെയെന്നറിയാതെ ( പകുതിയിലേറെപേരെ പിന്നീട് വിട്ടയച്ചിരുന്നു ) നിസ്സഹായ അവസ്ഥയിലാണ് നിലവിലെ ഗവണ്മെന്റും. വടക്കുകിഴക്കന്‍ നൈജീരിയയിലെ പ്രശ്നം കൂടുതല്‍ മാരകമായ ഒന്നായി മാറിയിരിക്കുന്നു. കലാപകാരികളല്ല വലിയ ഭീഷണി. ഇപ്പോളത് പട്ടിണിയാണ്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തമായി മാറുന്ന ഒന്നില്‍ പെട്ടു കിടക്കുന്നതു 3 ദശലക്ഷത്തിലേറെ മനുഷ്യരാണ്. വേണ്ടത്ര സഹായങ്ങള്‍ എത്തിയില്ലെങ്കില്‍ ബോര്‍നോയിലും തൊട്ടുകിടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും 75,000 ത്തോളം കുട്ടികള്‍ അടുത്തുതന്നെ  മരിച്ചേക്കുമെന്ന് UNICEF മുന്നറിയിപ്പ് നല്കുന്നു.

കുറച്ചു കാലങ്ങളായി നിലനിൽക്കുന്ന അസ്വസ്ഥതകൾ കാരണം പലരാജ്യങ്ങളും നൈജീരിയയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും അവരുടെ പൗരന്മാരെ വിലക്കിയിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങളും, തീവ്രവാദ ഭീഷണിയും ഒക്കെ സർവ്വ സാധാരണമാണ് ഈ സംസ്ഥാനങ്ങളിൽ. സഞ്ചാരികളെ കാത്ത്‌ മനോഹരങ്ങളായ ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ സംസ്ഥാനങ്ങളിലുണ്ട്. സാഹസികമാകരുതല്ലോ സഞ്ചാരം, നമുക്ക് കാത്തിരിക്കാം എന്നെങ്കിലും ഈ പ്രദേശങ്ങൾ ശാന്തമാകുന്നതിനായ്..

D Adukkadan

Comments